Sunday, April 09, 2006

പോളിംഗ്‌ ബൂത്തുകള്‍

തുറന്ന വാഹനത്തില്‍
പച്ചയും ചുവപ്പും
ഷാള്‍ ധരിച്ച്‌
അവര്‍ കയ്യുയര്‍ത്തി
വീശുന്നു.
പാതക്കിരുവശവും
തിങ്ങി നിറഞ്ഞ
ആള്‍ക്കൂട്ടം.
പെണ്ണുങ്ങളുടെ കലപില
റോഡ്‌ വക്കത്തെ
വീടുകളിലെ ജാലകങ്ങളിലൂടെ...
കുപ്പായമിടാത്ത കുഞ്ഞുങ്ങളെ
കൈ പിടിച്ച്‌
പലപ്പോഴും ദേഷ്യപ്പെട്ട്‌
അടിച്ചോടിക്കുന്നു വീട്ടിലേക്ക്‌
'മുതിര്‍ന്നവര്'.
ആഹ്ളാദം!
ആരാധന!
ദാസ്യം!
കടും ചുവപ്പില്‍
തിളങ്ങുന്ന,
മിനുസമുള്ള
കസവു കുപ്പായത്തില്‍ തട്ടി
കാഴ്ച്ച തള്ളുന്നു.
ഒച്ചപ്പാടുകാരന്റെ
സ്തുതി ഗീതങ്ങള്‍
കേള്‍വിയില്‍ ഇടിച്ചു കേറുന്നു.
ജനക്കൂട്ടം
കൈ തരിച്ച്‌
മുഷ്ടി ചുരുണ്ട്‌
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌.
വണ്ടികള്‍
ചൂണ്ടുവിരലില്‍ നിന്നും
കറുത്ത ചോര ചിതറിത്തെറിപ്പിച്ച്‌
അടുത്ത പോളിംഗ്‌ ബൂത്തിലേക്ക്‌.

0 Comments:

Post a Comment

<< Home